Sunday, September 11, 2016

പൊന്മുട്ടയിടുന്ന

പ്രിയേ....നീ,
നഷ്ട്ടപ്പെട്ടതിലും അധികം
നേടിയ ഹതഭാഗ്യ.
ഞാന്‍......,
നേടിയതിലും അധികം
നഷ്ട്ടപ്പെട്ട വിശുദ്ധന്‍.
--------------------------
പുതുതായൊരു
'കുറിപ്പെഴുതാൻ' വകയില്ലാത്തത് കൊണ്ട്
'ആത്മഹത്യ' ചെയ്യാതിരിക്കുന്നുവെന്നേയുള്ളൂ.
സുഹൃത്തേ..,
-------------------------
സംഭവം പണ്ടാണ്... ശ്രീനിവാസൻ നായകനായ 'പൊന്മുട്ടയിടുന്ന തട്ടാൻ,' എന്ന സിനിമയുടെ റിലീസ് കാലം. റിലീസിനു മുൻപേ തന്നെ ചില താല്പ്പരകക്ഷികൾ ചേർന്ന് സിനിമയുടെ പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നാണെന്നും ഇത് തട്ടാൻ (സ്വർണപ്പണിക്കാരൻ) പണി കുലത്തൊഴിലായി സ്വീകരിച്ചവരെ അപമാനിക്കും വിധമായതിനാൽ ആ സമുദായത്തിന്റെ വികാരത്തെ ഇത് വ്രണപ്പെടുത്തും എന്നെല്ലാം വിശദീകരിച്ച് കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിയെടുത്തു.
എന്നാൽ 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പേര് 'പൊന്മുട്ടയിടുന്ന താറാവ് ' എന്നു മാറ്റാനുള്ള കോടതി വിധി വരും മുൻപേ തന്നെ സിനിമയുടെ പോസ്റ്ററുകൾ വർണാഭമായി നഗരങ്ങളായ നഗരങ്ങളിലെല്ലാം തലയുയർത്തി കഴിഞ്ഞിരുന്നതിനാൽ നിർമ്മാണ കമ്പനിക്കാർ പുതിയ പോസ്റ്റർ അച്ചടിക്കുന്നതിനു പകരം 'താറാവ്' എന്നച്ചടിച്ച സ്ലിപ്പുകളുമായി കുറേ പിള്ളേരെ വിട്ട് ഓടിനടന്ന് ഒട്ടിച്ചു. പിന്നെയാണ് പുകില് ! ചിലയിടത്തു പേര് 'താറാവിടുന്ന തട്ടാൻ' ആയി. 'പൊന്മുട്ട താറാവ് തട്ടാൻ' എന്നായി. ബസ്സിൽ 'കൈയ്യും താറാവും പുറത്തിടരുത്' എന്നായി. ചിലയിടത്ത് 'മതം ഏതായാലും താറാവ് നന്നായാൽ മതി ' എന്നുപോലും വന്നത്രെ...
എന്തായാലും സിനിമ കേരളം നിറഞ്ഞോടി, ആ സമുദായ സ്‌നേഹികളിൽ പലരും ആരും കാണാതെ തീയേറ്ററിലിരുന്ന് തലയറിഞ്ഞ് ചിരിച്ചു... കല കലാപമാണെന്ന ചിന്ത എത്ര രസകരമാണല്ലേ...
----------------------

ഒറ്റക്കലുള്ള

ഒറ്റക്കല്ലുള്ള നിന്റെ
മൂക്കൂത്തിയോടുള്ള
പ്രണയം...
നിന്റെ കഴുത്തിലെ
ശംഖു വരകളോടുള്ള
പ്രണയം..❤..
സത്യത്തിൽ തീവ്രവാദത്തിന്റെ ഉറ്റതോഴനാണ് ഇരവാദം... ഇന്ത്യൻ മുസ്ലീങ്ങൾ ആ ചിലന്തിവലയ്ക്കുള്ളിലാണ് കുടുങ്ങി കിടക്കുന്നത്. അവരുടെ അത്തരം അരക്ഷിത മനോഭാവത്തെ പരിപൂർണ്ണമായി മുതലെടുത്തുകൊണ്ടാണ് ലീഗും, പി.ഡി.പി-യും പടർന്നു പന്തലിക്കുന്നത്..
'മുസ്ലിം സമുദായത്തോടുള്ള അഭ്യർത്ഥന ഇതാണ്: ജനാധിപത്യ മതേതര ശക്തികളുമായി ചേർന്നു തീവ്രവാദികളെ ഒറ്റപ്പെടുത്തുക. നീതിയുടെ വിതരണം എന്നത് എല്ലാ ഭരണ സംവിധാനത്തിന്റെയും പ്രാഥമിക കടമയാണ്; എല്ലാം തികഞ്ഞ ഒരു സംവിധാനം നമ്മൾ ഇതുവരെ കണ്ടുപിടിക്കാത്തതിനാൽ അതിൽ പാളിച്ചകൾ സാധാരണമാണ്. സ്‌ഥായിയായ മാറ്റം സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. രാജ്യത്തിന്റെ സെക്കുലർ സ്വഭാവത്തിൽ, പരിമിതികൾ ഉണ്ടെങ്കിലും അതിന്റെ ജനാധിപത്യ ക്രമത്തിൽ, ഭരണഘടനയിലുള്ള വിശ്വാസത്തിൽ വിള്ളലുണ്ടാക്കാൻ ആരെയും അനുവദിക്കാതിരിക്കുക'.
------------------------------------
ഇല്ല...
നിൻ മൗനത്തോളം
വാഗ്ദത്തമായ
ഒരുടമ്പടിയുമില്ല.
----------------------------------
വീട്ടില്‍ കറന്റ് പോയാല്‍ വെളിച്ചത്തിന് വേണ്ടി കത്തിക്കുന്ന എമര്‍ജെന്‍സി ലാംപ് പോലെയാണ് കോണ്‍ഗ്രസ്‌കാര്‍ക്ക് 'മഹാത്മാഗാന്ധി'- എന്നു പറഞ്ഞത് ഏതു മഹാത്മാവാണോ ആവോ....!! 
-------------------------
ചുംബിച്ചാൽ ഒരന്തോമില്ല..
ചുംബിച്ചില്ലേൽ ഒരു കുന്തോമില്ല...😘😘😘
-സത്യത്തിൽ കുഞ്ഞുണ്ണി മാഷിനല്ലേ തെറ്റിയത്!!
-----------------------------------
ഉള്ളവന് എല്ലാ ദിവസോം പെരുനാള്,
ഇല്ലാത്തവന് 365 ദിവസോം നോമ്പ്...
അള്ളാക്കറിയാം പള്ളീലെ കാര്യം..
------------------------------------------
ജ ച്ച ഞാ ജ്ഞ
--------------------------------------------------------------------------------
നമ്മളിടിക്കും കുന്നെല്ലാം
നമ്മുടെ പാറ പൈങ്കിളിയേ
നമ്മളുടയ്ക്കും പാറകളോ
നമ്മുടെ മെറ്റല്‍ മൈങ്കിളിയേ
നമ്മുടെ മെറ്റല്‍ റോഡുകളില്‍
കുണ്ടും കുഴിയും കൂങ്കിളിയേ
നമ്മള്‍ കുതിക്കും വണ്ടികളോ
ഡണ്ടഡ ഡണ്ടഡ ഡ്ഡുങ്കിളിയേ
നമ്മളു വീഴും കുഴിയില്‍ താന്‍
നമ്മള്‍ കിടക്കും കിക്കിളിയേ
ഞങ്ങളിടിച്ചൊരു
ഞങ്ങടെ കുന്നിന്‍
പാറയില്‍ മെറ്റല്‍റോഡൊന്നില്‍
ഞങ്ങള്‍ കുഴിച്ചൊരു
ഞങ്ങടെ കുഴിയില്‍
ഞങ്ങള്‍ കിടന്നു ദ്രവിച്ചെന്നാല്‍
നിങ്ങള്‍ക്കെന്താ സര്‍ക്കാരേ
ജ ച്ച ഞാ ജ്ഞ അല്ലാതെ?
----------------------------------------
Rsp അഖിലേന്ത്യാ സെക്രട്ടറി പറഞ്ഞ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ല പോലും. അത് പിന്നെ ആരുപറയും.... ആ...😂
പിന്നെ ആ പാർട്ടിയല്ലേ, അത്ഭുതപെടാനൊന്നുമില്ല സംസ്ഥാന സെക്രട്ടറി ആയി മത്സരിച്ചു അസ്സീസിനോട് പരാജയപ്പെട്ട ചന്ദ്രചൂഡനെ അഖിലേന്ത്യാ സെക്രട്ടറി ആക്കി അക്കോമഡേറ്റ് ചെയ്ത കരുത്തുറ്റ പ്രസ്ഥാനമാണ് R. S. P അവരിൽ നിന്നും നിങ്ങൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് പ്ലീസ്.
---------------------------------
നിങ്ങളുടെ ഭാവന ഇനിയും കയറി ചെല്ലാത്ത കുന്നിൻ പുറങ്ങളുണ്ട്. അതിന്റെയും ഉച്ചിയിൽ ഒളിച്ചിരിക്കുന്ന ആനപ്പാറകളുണ്ട്. ആകാശം തൊട്ടു നിൽക്കുന്ന ഭൂതപ്പാലകളുണ്ട് അവിടത്തെ ആൺപിള്ളേരും പെൺപിള്ളേരും അതിന്റെ ചോട്ടിലിരുന്നാണ് പ്രേമിച്ചു പുളച്ചത്. അവർ പരസ്പരം പങ്കിട്ടു തിന്ന കൊക്കോ പഴങ്ങൾ, അവർ ചുംബിച്ചു ചുവപ്പിച്ച കാട്ടുപൂവുകൾ. നായ് പോകും വഴികൾ, ഉറവിൻ നനവുകൾ, ഭൂമി എപ്പഴോ പിളർന്നിരിക്കണം, നിങ്ങൾ ഇപ്പോഴും കുന്നുകയാറാത്ത ഭാവനകളാണ്... നായ് പോകും വഴിയേ നടക്കൂ സാധാരണക്കാരാകൂ...
പ്രണയത്തിന്റെ ജ്യാമിതിയിലെ
കടലാസു പക്ഷിയാണ് നീ....
------------------------------------------
ഒരാൾ സ്വന്തം ദുരിതങ്ങൾ ചിരിച്ചുതള്ളിയാൽ 
അയാൾക്കു നഷ്ടപ്പെടുന്ന സ്നേഹിതന്മാർ അനേകമായിരിക്കും;
തങ്ങളുടേതായ ഒരവകാശം നഷ്ടപ്പെടുത്തിയതിന്‌ അവരെങ്ങനെ മാപ്പു കൊടുക്കാന്‍! 
---------------------------------------------
നാലായി മടക്കി ഞാൻ 
മടിയിൽ ഒളിപ്പിച്ച് 
വരച്ചെടുത്ത ഇൻഡ്യയല്ലേ... 
ഇന്ത്യ..!!
------------------------------
ഒരു ദിനം,
നമ്മള്‍ തിന്നു തീർത്ത 
കോഴികളെല്ലാം കൂടി വന്നു,
സ്വപ്നത്തിൽ, 
നമ്മെ കൊത്തി തിന്നുതീർക്കുമോ 
എന്ന ഭയത്തിലാണ് ഞാനും ജീവിക്കുന്നത്....

------------------------------------
സീതപെണ്ണിനെ കാട്ടിലുപേക്ഷിച്ചു കടന്ന് കളഞ്ഞ ഇരട്ടചങ്കുള്ള ആ രാമന്റെ ഉപദേശി ആരാന്നാ പറഞ്ഞേ... 
----------------------------------
ജീവിതം എല്ലായിപ്പോഴും
ഒരു കവിത പോലാണ്
പലപ്പോഴും...,
എഴുതുന്ന അർത്ഥത്തിലല്ല
നമ്മെ വായിച്ചെടുക്കുന്നത്...

-----------------------------------
മത്തായിയുടെ സുവിശേഷം 7-ആം അധ്യായം, 6--ആം വാക്യം:
"വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്.
നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കുകയുമരുത്.
അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം".
എന്നുവച്ചാൽ അർഹരല്ലാത്തവർക്കു ശ്രേഷ്ടമായ വസ്തുക്കൾ കൊടുക്കരുത്, അവർക്കത്തിന്റെ മൂല്യം മനസിലാവില്ല. അവരത് നശിപ്പിക്കും. ദാനം കൊടുക്കാൻ പോയ നിങ്ങളെ തിരിഞ്ഞു നിന്നു ആക്രമിക്കുകയും ചെയ്യും.

ബജറ്റ് പ്രസംഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളെയും അവരുടെ വിമർശനങ്ങളെയും ഓരോന്നായി ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗത്തിന്റെ അവസാനമാണ് സ്വരാജ് ഈ വാചകം പറഞ്ഞത്.
അസഹിഷ്ണുതയുടെ അപ്പോസ്തലന്‍ എന്നൊക്കെ തിരിച്ചും ചില ഓണ്‍ലൈന്‍ ഭുജികള്‍ പട്ടംചാര്‍ത്തിയേക്കം... എങ്കിലും അവരുടെ ന്യായം കട്ട ബജറ്റിന്റെ വിറ്റചടങ്ങ് ലഡ്ഡു പൊട്ടിച്ചുമനോഹരമാക്കിയ ചില ഊച്ചാളികളുടെ ന്യായത്തിനൊപ്പം നിലകൊള്ളുന്നതിനാല്‍ അവരോടുള്ള അഗമ്യമായ പുച്ഛം രേഖപ്പെടുത്തുന്നു....
ഇതൊക്കെഎത്രയോകുറഞ്ഞുപോയി മിസ്റ്റർ... സ്വരാജ് മത്തായിയെ ഉദ്ധരിച്ചപ്പോള്‍ അത് കണ്ടുപിടിക്കാൻ രാത്രി ഉറക്കമിളച്ചിരുന്നു ബൈബിള്‍ വായിച്ച എല്ലാ മഹാനുഭാവലുകള്‍ക്കും നമോവാകം.... നിങ്ങളോടൊക്കെ കര്‍ത്താവ്‌ ചോദിക്കും കണ്ടോ... :)
ഒരറപ്പും മുഖത്തു കാണിക്കാതെ
നീ സ്നേഹിക്കണം,
ഉടലിലുമാത്മാവിലും ദരിദ്രരായവരെ, 
തുണയിൽ താണവരെ, പതിതരെ,
അങ്ങനെ നിന്റെ സഹാനുഭൂതി 
ഈ മണ്ണിൽ നുറു പൂക്കള്‍വിരിക്കട്ടെ,...

-------------------------------------
ആദ്യമായി ഓര്‍ക്കേണ്ട പ്രധാനകാര്യം ആര്‍.എസ്.എസിന് ഔദ്യോഗിക മെമ്പര്‍ഷിപ്പ് ആപ്ലിക്കേഷന്‍ ഇല്ല എന്നതാണ്. അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുകയും അവരുടെ കാഴ്ചപ്പാടുകളില്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരും ആര്‍.എസ്.എസ് അംഗമാണ്. ഗോദ്‌സെ ആര്‍.എസ്.എസില്‍ ചേര്‍ന്നിരുന്നു എന്നതില്‍ തര്‍ക്കമില്ല. കാരണം സംഘടന തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം അംഗമായിരുന്നു എന്ന്. ഹിന്ദു പരമാധികാരത്തില്‍ ആര്‍.എസ്.എസ് വിശ്വസിച്ചിരുന്നതുപോലെ അദ്ദേഹവും വിശ്വസിച്ചിരുന്നു എന്ന കാര്യത്തിലും തര്‍ക്കമില്ല. ഗോദ്‌സെ സംഘടന വിട്ടിരുന്നു എന്നു തെളിയിക്കേണ്ടത് ആര്‍.എസ്.എസ് ആണ്. ഇന്നുവരെ ഇക്കാര്യം തെളിയിക്കാന്‍ ഒരു തെളിവുപോലും അവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ന്മാത്രമല്ല rss കാരനായ പ്രധാനമന്ത്രി പോലും ആഗാന്ധി ഘാതകനു മുന്‍പില്‍ കൂപ്പ്കൈകളുമായി പ്രണമിക്കുന്ന വേദനജനകമായ കാഴ്ചയാണ് ഓരോ ഇന്ത്യക്കാരനും കാണേണ്ടിവരുന്നത്...
നാഥുറാം ഗോഡ്സെ ഗാന്ധിയെ കൊന്നത് ഗോഡ്സെയുടെ അച്ഛന്റെ രണ്ടേക്കര്‍ വീടും പുരയിടവും ഗാന്ധി കയ്യേറിയെന്നാരോപിച്ചായിരുന്നില്ല. ഹിന്ദുത്വ തീവ്ര ദേശീയതയുടെ പ്രത്യയശാസ്ത്രപദ്ധതികള്‍ക്കും അതിന്റെ പ്രയോഗത്തിനും അനുസൃതമായ ഒരു കൊലപാതകമായിരുന്നു അത്. ഇന്ത്യയും പാകിസ്താനുമെന്ന രണ്ടു മതാധിഷ്ഠിത രാജ്യങ്ങളായാണ് വിഭജനം നടന്നതെന്ന് സ്ഥാപിക്കാന്‍ ആര്‍ എസ് എസ് നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലിക്കാഞ്ഞതിന്റെ ഒരു കാരണം ഗാന്ധിയാണെന്നായിരുന്നു ഹിന്ദു വര്‍ഗീയവാദികളുടെ വലിയ വിഷമം. അങ്ങനെ വന്നാലെ അവര്‍ക്ക് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കാനും മുസ്ലീങ്ങളെ ന്യായമായി പാകിസ്താനിലേക്ക് ആട്ടിയോടിക്കാന്‍ അല്ലെങ്കില്‍ രണ്ടാംകിടക്കാരായ പൌരന്‍മാരാക്കി കാണാനും കഴിയുമായിരുന്നുള്ളൂ. ഇതിനുവേണ്ട രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് ആര്‍ എസ് എസിന്റെ എതിരാളികളല്ല പറയുന്നത്, അവരുടെ രാഷ്ട്രീയപ്രമാണം തന്നെ അതാണ്...

അതെ സ്നേഹിതരേ... ഗാന്ധി മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചല്ല...
----------------------------------------------------
ജീവനുള്ള ദളിതനെക്കുറിച്ചോ
അതോ ചത്ത പശുവിന്റെ അവകാശത്തെ കുറിച്ചോ?
എഴുത്തുകാരെന്റെ എല്ല് വായനക്കാര്‍ രുചിച്ചു കൊള്ളട്ടെ.
ഭ്രാന്തന്‍ നായകള്‍ക്ക് ആ ചവറ്റ്കൂന ചൂണ്ടി കൊടുക്കുക...
#standwithjimshar
---------------------------------------
ങ്ഹാ...!!
'എന്റെ ജീവിതമാണ് എൻ്റെ സന്തോഷം '😊
(എന്റെ സ്വത്വാനേഷണ പരീക്ഷണങ്ങൾ).
----------------------------------------------------
ഇതൊന്നും
ഒരു കവിതയിലും കൊള്ളില്ല.
കവിത മറ്റുപലതിനും ഒന്ന്...
😢.

സ്വാതന്ത്ര്യസമര സേനാനി കുമ്മനം....
അടിയന്തിരാവസ്ഥ കാലത്തെ k.സുരേന്ദ്രൻ...
ഒന്നാം പാനിപ്പത്തു യുദ്ധത്തിലെ മുരളീധരൻജി.... എന്നിങ്ങനെയുള്ള ചരിത്രഗവേഷണങ്ങളുടെ ശവഘോഷയാത്രയിലാണ് സംഘപരിവാർ.
അക്കാലത്തു പോയിട്ട് ഇങ്ങ് കേരളത്തിൽ വൈക്കത്തും-ഗുരുവായൂരും അമ്പലത്തിൽ കയറാൻ അവകാശ സമരം നടത്തിയപ്പോൾ പത്തലുവെട്ടി അകത്തിരുന്ന് വെടിവെട്ടം പറഞ്ഞിരുന്നവരാണ് കുമ്മൻജിയുടെ മുന്മുറക്കാർ. പണ്ടാരോ പറഞ്ഞപോലെ 'സ്വാതന്ത്ര്യ സമരകാലത്ത് പഴത്തൊലീൽ ചവിട്ടിതലയടിച്ചു വീണെങ്കിലും ഇവറ്റകളിൽ ഒരുത്തൻ മരിച്ചിരുന്നെങ്കിൽ എന്തായേനെ...
ഹോ...!!..
-----------------------------------------------
ക്ഷേത്രത്തിൽ കയറാനുള്ള വിലക്കിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ 250 കുടുംബങ്ങൾ മതം മാറുന്നു.. എന്നതാണ് പുതിയ വാർത്ത.
ഹിന്ദു ഉണർന്നു വരുന്നുണ്ട്...പക്ഷേ ഒരഭിപ്രായ വ്യത്യാസമുണ്ട്. ചാട്ടം പുകയുന്ന ചട്ടിയിൽ നിന്നും എരിയുന്ന തീയിലേക്കാക്കരുത്... അതിനും പുറത്തെ വിശാല ലോകത്തേക്കാവട്ടെ.... 
------------------------------------------------------
ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിക്ക് വരാൻ പാടുള്ള രോഗമാണോ... ഷുഗർ.!!
വലതുപക്ഷ വ്യതിയാനം...
വലതുപക്ഷ വ്യതിയാനം....
ന്താല്ലേ ..... 
-----------------------------------------

പാർട്ടി സെക്രട്ടറിയുടെ കക്ഷത്തിൽ ദർഭപുല്ലുണ്ടോ... കയ്യിൽ ഏലസുണ്ടോ...? എന്നതൊക്കെ കണ്ടുപിടിക്കുന്നതാണ് investigating journalism..... 
ആണിനെ കണ്ടാലും പെണ്ണിനെ കണ്ടാലും മുഖത്ത് നോക്കാതെ തുണിക്കിടയിലൂടെ അടിവസ്ത്രത്തിന്റെ അറ്റം നോക്കി നിർവൃതി അടയുന്ന ഞരമ്പന്മാർക്ക് ജേർണലിസം ഡിഗ്രികിട്ടിയാലും മറിച്ചാവാൻ തരമില്ല... 
കലക്കിട്ടാ... gopikrishna.... അറ്റലീസ്റ് സ്വന്തം കൈയ്യിലെ ചരടഴിച്ചിട്ട് മറ്റവന്റെ അരയിലെ തകിടഴിക്കാനുള്ള ധാർമ്മികതയെങ്കിലും കാണിക്കണം സാർ..
സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് എടുക്കുന്ന RSS -കാരൻ തൊട്ടടുത്ത് നിന്ന സഹപ്രവർത്തകനോട് പരമ രഹസ്യമായി ചോദിക്കുകയാണ്... 
ഡാ... ഈ ശാഖാന്നുള്ള കോളത്തില് നമ്മള് രാത്രി പോകാറുള്ള ചെമ്മണാം ചേരി 'ശാഖാ' എന്നുതന്നെയല്ലേ എഴുതേണ്ടത്...???
ഉത്തമപുരുഷനായ സഹപ്രവർത്തകൻ ലവലേശം സംശയമില്ലാതെ തലയാട്ടുകയാണ്... ഫോറം കൗണ്ടറിൽ കൊടുക്കുമ്പോൾ രണ്ടു ഭാര്തമാതാ കീ ജയ്... കൂടി വിളിക്കണം അനിയാ എന്നുകൂടി ഓർമ്മിപ്പിച്ചാണ് ഞാൻ മടങ്ങിയത് എന്താരാകുമോ എന്തോ...😊 😆😂

ഞാന്‍ കാഫ്കയുടെ കഠാരമുനയാണ്..
സ്വന്തം നെഞ്ചിലേക്കുള്ള 
ആഴമെത്രയെന്ന തര്‍ക്കത്തില്‍ അതിപ്പോഴും ചോരകാത്തിരിക്കുന്നു...
---------------------------------------------------------------------------------
മാധ്യമ പ്രവർത്തകർക്ക് നാല് കീറ് കിട്ടുമ്പോൾ എല്ലാ സുന്ദര ബെഗിഡാപ്പികളും തൊണ്ടകീറി 'അറിയാനുള്ള അവകാശത്തിന്റെ ' കഥ പറയുന്നതെന്തിനാണെന്നതാണ് എനിക്ക് മനസ്സിലാകാത്തത്. ആർക്കറിയാനുള്ള അവകാശമാണ് എന്നതാണ് മിസ്റ്റർ നിങ്ങൾ വാദിക്കുന്നത്... ചില സംശയങ്ങൾ ന്യായമായും എനിക്കുണ്ട്.
1. അറിഞ്ഞ വാർത്തകൾ താല്പര്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രസിദ്ധീകരിച്ച ഒരു സന്ദർഭമെങ്കിലും നിങ്ങൾക്കോർത്തെടുക്കാൻ ആകുമോ...
2.ജനങ്ങൾ അറിയേണ്ടതെല്ലാം നിങ്ങൾ പറയാറുണ്ടോ
3. പരസ്യദാദാക്കളുടെ വാർത്തകൾ എവിടെയാണ് നിങ്ങൾ ഒളിപ്പിച്ചു വെക്കാറുള്ളത്.
4. ജ്വല്ലറി മുതലാളിമാരുടെയും. ടെക്സ്‌റ്റെൽ ഉടമകളുടെയും വാർത്തകൾ നവമാധ്യമങ്ങൾ സജീവമാകും മുൻപ് എന്തുകൊണ്ട് ജനങ്ങളിൽ നിന്നും നിന്നും നിങ്ങൾ മറച്ചുവെച്ചു.
സംഭവം സിമ്പിൾ ആണ്.... അറിഞ്ഞവാർത്തകൾ ജനങ്ങളിൽ നിന്നും തരംപോലെ ഒളിപ്പിക്കുന്ന ഇടനിലക്കാരൻ മാത്രമാണവൻ. പിന്നെ ഔദാര്യത്തിന്റെ മഹത്തായ ഭാഷ ആരും മൊഴിയേണ്ടതില്ല. കൈയ്യിലിരുന്ന കാശടച്ചിട്ടാണ് ഭായി ഞങ്ങളീ കടിമുഴുവൻ കൊള്ളുന്നത്
---------------------------------------------------------------------------------------------------------
അതിരാവിലെ പത്രം തുറന്നപ്പോഴാണ് ആ അത്ഭുത വാർത്ത കണ്ടത്... ''കുമ്മണാംചേരിയിലെ കൊച്ചുവറീത് ചേട്ടൻ (87) വയസ്സ്. ഞങ്ങളുടെ അപ്പൻ കർത്താവിൽ നിദ്രപ്രാപിച്ച വിവരം 'വ്യസനസമേതം' അറിയിച്ചു കൊള്ളുന്നു എന്ന്...
സാത്താനിൽ നിദ്രപ്രാപിക്കാതെ കൃത്യമായി കർത്താവിൽ നിദ്രപ്രാപിക്കാൻ വേണ്ടി മാത്രമാണ് ജീവിച്ചിരിക്കുന്ന കാലത്തു മുഴുവൻ മുട്ടിപ്പായ പ്രാർത്ഥനയും, മുടിഞ്ഞ നോയമ്പും, പള്ളിക്കു പൊൻകുരിശുമെല്ലാം നേരുന്നത്. എന്നിട്ടും കർത്താവിൽ 'നിദ്രപ്രാപിക്കുമ്പോൾ "വ്യസനസമേതം" എന്നും പറഞ്ഞ് ആ വിവരം പുറത്തറിയിക്കുന്നത് കർത്താവിനെ തള്ളിപ്പറയുന്നതുപോലാണ് കുമ്മണാം ചേരിക്കാരെ.....
ഇനി ഇതൊക്കെ ആ പത്രക്കാര് സാത്താൻമാർ ചെയ്യുന്നതാണെൽ കർത്താവേ അങ്ങ് ഹൈക്കോടതി വക്കീലൻമാരെ വിട്ടേച്ചും അവന്മാരെ നല്ലഇടി ഇടിപ്പിക്കേണമേ... 😉😂

നിന്റെ സ്നേഹം പോലെ
വിശുദ്ധമായ
ഒരു വാക്ക്
ഞാന്‍ തേടുന്നു
ഏതു മരുഭുമിയിലും
നിന്റെ കണ്ണുകള്‍ പോലെ
തിളങ്ങുന്ന വാക്ക്
നിന്റെ കുഞ്ഞു
ചെവികള്‍ പോലെ
മൃദുലമായ ഒരു പ്രാര്‍ത്ഥന
ഞാന്‍ കേള്‍ക്കുന്നു
വാക്കുകള്‍ ഇല്ലാത്തവന്റെ
പ്രാര്‍ത്ഥന,
വിതുമ്പുന്ന സ്നേഹമല്ലാതെ
മറ്റെന്ത്,
നീ വരൂ,
എന്നെയുമൊരു പൂമരമാക്കു...

---------------------------------------
അതേ വരികള്‍ക്കിടയില്‍
വെച്ചാവും നാം
ഉമ്മ വെച്ച് പിരിയുക.
ഒടുവിൽ അങ്ങെനെ തന്നെ
സംഭവിക്കുന്നു...
നാളെ കാണാമെന്നോ
നന്‍മ നേരുന്നെന്നോ പുലമ്പി,
ഭാവിവരനോടീ തമാശ
അറിയിക്കാമെന്ന് വ്യംഗിച്ച്
പല്ലിടകുത്തി നാം മടങ്ങും...

ജാതിയും ജീവനും
ഭൂമിയും ഭൂതകാലവുമുരിഞ്ഞാല്‍
കാമ്പില്ലാത്തൊരു
കാമുകനല്ലേ ഞാന്‍..
നീ,നീ... കമ്മ്യൂണിസ്റ്റും.
---------------------------------
ഇങ്ങനെ ബിമർശിച്ചതല്ലേ...
ന്നാൽ പിന്നെ ങ്ങളൊരു കവിത എഴുതുവോ.. ബിമർശകേട്ടാ....??? എന്നുചോദിച്ചപ്പോ ലവൻ പറയുവാ...
'കോച്ച് കളിക്കാറില്ല സുഹൃത്തേന്ന്'...🌺😉😆

നമ്മളെത്ര മരം കേറി പെണ്ണേ...
നമ്മളെത്ര മനം കേറി പെണ്ണേ...
ചുണ്ടുകൾ കൊണ്ട് ചുണ്ടുമായ്ച്ചീടുവാൻ
ഉള്ളിലിപ്പോഴും ഞാവൽ കറപ്പാട്
തുന്നി വെച്ചിങ്ങിരിപ്പുണ്ട് പെണ്ണേ...
അങ്ങെനെ നീണ്ടു നീണ്ട വരച്ചു വെച്ച ചിത്രപ്രദർശനം കണ്ടേച്ചു കലാബോധമില്ലാത്ത ആ ചെക്കൻ പറേവാ...
അടിയിൽ ഒപ്പിട്ടോണ്ടു മേലും കീഴും തിരിച്ചറിയമ്പറ്റിന്ന്.... 
ന്റെ പോസ്റ്റ് മോഡേൺ മുത്തപ്പാ... യ്യ്ന്നെ തുണ....
-------------------------------------------
എല്ലാ ഇരുളുകളും
നിന്റെ വെളിച്ചത്തിനായ്
കാതോർക്കുന്നു...
അടുത്ത നരകദിനത്തിന്റെ
മറവിയിലും...
നിന്റെ പ്രേമം മഞ്ഞു കൊണ്ടൊരു
മരം വരയ്ക്കുന്നു...
👧👩-------------
----------------------------------
'Man was born free,
And he is every where in chains'
-ROUSSEAU-
------------------------------
സൃഷ്ട്ടിയുടെ മഹത്തായ തിരക്ക്കഴിഞ്ഞ് വിശപ്പിന്‍റെ വേദവാക്യമായി കര്‍ത്താവായ ഡിങ്കന്‍ ഇങ്ങെനെ അരുളിച്ചെയ്തു...
" ഓരോ മുട്ട പഫ്സിനും നിങ്ങളൊരു
പൂവന്‍കോഴിയോട് കടപ്പെട്ടിരിക്കുന്നു "
-വിശുദ്ധ ബാലമംഗളം [2:5]--
-----------------------------------
അടുപ്പിലാണ്
ഒടുക്കമെന്നറിയുമെങ്കിലും
ഒരുത്തനുമീ
അടുക്കള കയറുകയില്ലല്ലോ...
---------
അങ്ങ് തമിഴ്നാട്ടിലും, കര്‍ണ്ണാടകത്തിലും, ആന്ധ്രാപ്രദേശിലും പൊരിവെയിലത്തും പെരുമഴയത്തും കേരളത്തിനു വേണ്ടി ഘോരംഘോരം കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് കര്‍ഷകദിനാശംസകള്‍...🌾🌴🌴🌴
ചുളുങ്ങാത്ത വെള്ള കോളറിനകത്തു ശീതീകരിച്ചിരിക്കുന്ന കേരളത്തിലെ IT കൃഷിക്കാര്‍ക്കും ആശംസകള്‍ ......🌱🌱🌱

------------
കഠിനമായ ഏകാന്തതയും ഞാനുംകൂടി അങ്ങെനെ വിശുദ്ധമായ ഡ്രൈ പൊറോട്ടേം മത്തിച്ചാറും.... ചാമ്പുന്നു 
ചേട്ടാ ചായ അടിച്ചു വേണോ... എന്ന് മലയാളം നിറഞ്ഞ ബംഗാളിയിൽ ചോദിച്ച സപ്പ്ളയറോട് അടിക്കണ്ട മോനേ ഒന്ന് പേടിപ്പിച്ചാൽ മതിയെന്നും പറഞ്ഞേച്ച് കുടവയറിട്ടു കുലുക്കിക്കൊണ്ട് തോമാചേട്ടനും.... കോമഡിയൊക്കെ കലക്കിട്ടുണ്ട്... പക്ഷേ കാശ് ആര് കൊടുക്കുമെന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധി ..... 
കർത്താവേ, വാ കീറിയ ദൈവം ഇര കൊടുക്കുമെന്നതൊക്കെ മുടിഞ്ഞ തള്ളാരുന്നല്ലേ 😢😊


അതെ, 
പ്രണയത്തിന്റെ
ഓരോനിമിഷത്തോടും
നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു...
എളുപ്പം തോറ്റു പോകാവുന്ന 
ഈ ജീവിതയുദ്ധത്തെ
ഇരമ്പുന്ന ഒരു സമരമുഖമാക്കി തീർത്തതിന്... 


ശ്രീനിവാസന്‍ പറയുന്നത് തോന്ന്യാസവും മണ്ടത്തരവുമാണ്.
എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗമായിരുന്നു കെ വി സുധീഷ്. കേരളാ സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം. ഇത്രയുമൊക്കെ ആകാന്‍ മാത്രം വലിയ നേതാവായിരിക്കെ തന്നെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 1994 ജനുവരി 26ന്. അന്ന് കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ സുധീഷ് എംഎല്‍എം ആയേനേ. എംപി ആയേനേ. ഇന്നിപ്പോള്‍ നമ്മുടെ നാട് ഭരിക്കുന്ന സര്‍ക്കാരില്‍ ഒരു മന്ത്രി ആയി ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് പൊലീസ് സേനയില്‍ നിന്ന് സല്യൂട്ട് വാങ്ങി നില്‍ക്കുക പോലും ചെയ്‌തേനേ. ശ്രീനിവാസന് ബഹുമാനിക്കാന്‍ തോന്നുംവിധത്തിലുള്ളത്ര വലിയ നേതാവാകാന്‍ പറ്റും മുമ്പേ അദ്ദേഹം കൊല്ലപ്പെട്ടുവെന്നേയുള്ളൂ.
കൂത്ത്പറമ്പ് കൊല്ലപ്പെട്ട രാജീവൻ ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്നു ‌ ജീവിച്ചിരുന്നെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റ വരെയെങ്കിലും എത്തുമായിരുന്നു നേതാവ് . ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്നു രക്തസാക്ഷി ഭാസ്കര കുമ്പള
ഇപ്പോഴത്തെ കണ്ണൂര് ജില്ലാ സെക്രട്ടറി
പി ജയരാജനെ തിരുവോണനാളിൽ കൊത്തി നുറുക്കിയതും ഇപ്പോഴത്തെ വ്യവസായ മന്ത്രി സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ ആക്രമിച്ചതും കൊല്ലാൻവേണ്ടി തന്നെ ആയിരുന്നു
കൊല്ലപ്പെട്ടവരില്‍ പലരും പ്രാദേശിക നേതാകളായിരുന്നു ജീവിച്ചിരുന്നെങ്കില്‍ അതാത് ഇടങ്ങളിലെ ജനങ്ങള്‍ക്ക് കൊള്ളാവുന്ന പ്രാദേശിക ഭരണസമിതികളിലൊക്കെ പിന്നീടാണെങ്കിലും വരേണ്ടവര്
കോടിയേരി പിണറായി ലെവലിലുള്ള
ദേശീയ നേതാക്കൾ കൊല്ലപ്പെടുന്നില്ല എന്നാണ് ശ്ര്ീനിവാസന്‍റെ പരാതിയെങ്കില്‍ അത് പരമമണ്ടത്തരമാണ് ആ ലെവലിലുള്ള നേതാക്കളെ മുന്നില്‍ വെറുതെ കിട്ടിയാല്‍ പോലും കൊല്ലാന്‍ ആരും മടിക്കും
ശ്രീനിവാസന്റേത്
മധ്യവര്‍ഗബഗിടാപ്പികളുടെ കയ്യടി കിട്ടാനുള്ള പരത്തിയടി മാത്രമാണ് ‍.

ഇടതുപക്ഷ

" ഇടതുപക്ഷം " എന്നത് പാറ പോലെ ഉറച്ച ഒരു സങ്കല്പം അല്ല ,മറിച്ച് മാറിവരുന്ന സാമൂഹ്യ ചരിത്രസന്ദര്‍ഭങ്ങള്‍ക്കൊത്തു പരിണമിക്കുന്ന ചലനാത്മക പരികല്‍പ്പനയാണത് .
അതൊരു രാഷ്ട്രീയ കക്ഷിയല്ല, നിലപാടാണ്
* സച്ചിദാനന്ദന്‍ *
-------------------------------------------------
പരിഭാഷ
------------------
പരിഭാഷപ്പെടുത്തുമ്പോള്‍
എന്റെതല്ലാത്ത ഒരു ഭാഷ
നിന്നെ വന്നു മൂടുന്നു 
നിനക്കൊരു വാക്കില്ലാതായി പോയല്ലോ ...
തിരയില്ലാത്ത കാലത്തോളം
പുറകിലായിരുന്ന വാക്ക്
ചോലയില്‍ നിന്നും നീ രുചിചെടുത്ത ഭാഷ
ആരുടേയും ദാഹം തീര്‍ത്തില്ലെന്നറിവില്‍
നൃത്തം ചെയ്യുന്ന ആകാശം പരിഭാഷപ്പെടുത്തുമ്പോള്‍
ഞാന്‍ കൈയ്യോടെ പിടിക്കപ്പെടുന്നു
കടത്തിയ ബിംബങ്ങള്‍ക്കൊപ്പം
കൈയ്യാമം വെച്ച്
തെരുവിന്‍റെ വിശദാംശങ്ങളിലൂടെ
നടന്നു പോയെന്ന് ...
-----------------------------------------
ക്ഷമിക്കുക....
ഞങ്ങൾ ഒളിമ്പിക്സിൽ സ്വർണ്ണം വാങ്ങാറുമില്ല വീട്ടിൽ കയറ്റാറുമില്ല...
ഹും...! അതൊക്കെ കല്യാണത്തിനാണ് °
നിങ്ങൾ ചൈനക്കാരും,അമേരിക്കക്കാരും, എത്യോപ്യക്കാരുമൊക്കെ ഒന്ന് വന്നുകാണ്...
കംപ്ലീറ്റ് മെഡലല്ലേ... മെഡല് 😅😉



----------------
അങ്ങനെ നക്ഷത്രങ്ങൾ നിറഞ്ഞ ആ തണുത്ത രാത്രിയിൽ ഞങ്ങൾ കരോളിനിറങ്ങി വരാമെന്നേറ്റ കുട്ടുവും മനോജും ഇനിയും വരാനുണ്ട്. അവരും കൂടി ഉണ്ടായാലേ ഞങ്ങൾ കുട്ടികളുടെ കരോൾ ആഘോഷമാവുകയുള്ളൂ. മനോജ് പടക്കം പൊട്ടിക്കാൻ കേമനാണ്. ഭയം ലവലേശമില്ലാതെ കയ്യിൽ പിടിച്ചു തീകൊളുത്തി ഞങ്ങളുടെ നേരെ ഏറിയും. ഇക്കാര്യത്തിൽ സുന്ദരികളായ തരുണീമണികൾക്കിടയിലെ ധീരതാപട്ടം മറ്റാർക്കും നൽകാതവൻ വർഷങ്ങളായി കൈയ്യടക്കി വെച്ചിരിക്കുകയാണ്...
മണി ഒൻപത് ആകാറായപ്പോൾ എന്നാപ്പിന്നെ തൊടങ്ങാം എന്നും പറഞ്ഞു ഉണ്ണിയേശുവിനെ വെച്ച തളികയുമെടുത്തു വാ പോകാന്നും പറഞ്ഞ് ജോസ്ചേട്ടൻ മുന്നേ നടന്നു. പിറകേ വാർഡ് കമ്മിറ്റിയിലെ ചേട്ടന്മാർ, പെട്രോൾമാക്‌സ് തോളിൽ ചുമന്ന് തേങ്ങാവെട്ടുകാരൻ തോമാക്കുട്ടി, പിന്നിലായി ഞങ്ങൾ കുട്ടിപ്പട്ടാളവും. അങ്ങെനെ കരോൾ ഗാനം മുറുകി, മനോജും കുട്ടുവും വീട്ടുമുറ്റങ്ങളിൽ സുന്ദരികളായ മഹിളാരത്നങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തുന്ന മേയ്മാസറാണിയിലും റോസയിലുമെല്ലാം ഓലപടക്കം വെച്ചു പൊട്ടിച്ചു ചിതറിതെറിച്ച പൂവുകൾ
'വീണിതല്ലോ കിടക്കുന്നു ധരണിയിൽ ' എന്നമട്ടിലാക്കി അങ്ങെനെ മുന്നേറുകയാണ്.
'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൽ കുളിരും രാവിൽ ' - എന്ന ഔദ്യോഗിക ഗാനം 64-മത്തെ വീട്ടിലും തെറ്റില്ലാതെ പാടി ശരിയാക്കാൻ പരിശ്രമിക്കുമ്പോഴാണ് അത് സംഭവിച്ചത്...!
കുഞ്ഞാഗസ്തി ചേട്ടന്റെ വീട്ടിലേക്ക് ഞങ്ങൾ ഒതുക്ക് കയറി ഷോർട് വഴി പടിച്ചതായിരുന്നു, മുന്നേ തളികയുമായി ജോസ്‌ചേട്ടൻ, പിറകിൽ സദാസമയം ഇന്ററിക്കേറ്റർ പോലെ ചുണ്ടിൽ കാജാബീഡി തെളിച്ചുകൊണ്ട് ആന്റണിചേട്ടൻ. ജോസേ... വാഴ ചീഞ്ഞ കുഴിയുണ്ടാകും നോക്കണേടാ എന്നും പറഞ്ഞേച്ചു നാക്ക് അകത്തോട്ടിടാൻ സമയം കിട്ടുംമുന്നേ പെട്രോൾമാക്സ്കാരനും തളികക്കാരൻ ജോസ് ചേട്ടനും ഒന്നിച്ചു നിലം പതിച്ചു. എല്ലാവരും ഓടിച്ചെന്ന് രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ചു. ആകെ ഇരുട്ടിലായി ആന്റണിചേട്ടൻ കയ്യിലിരുന്ന തീപ്പെട്ടി ഉരച്ച് ചിതറിതെറിച്ച നാണയത്തുട്ടുകളും ഉണ്ണിയേശുവിനെയും മാലാഖമാരേയുമെല്ലാം തപ്പിയെടുത്തു. നക്ഷത്രത്തിന്റെ സിഗ്നൽ പിടിച്ച് എങ്ങാണ്ട് നിന്നുംവന്ന മൂന്ന് വിശുദ്ധന്മാരിൽ 2 എണ്ണം മിസ്സായത് ഓ സാര്കേലെന്നും പറഞ്ഞു തളികയൊപ്പിച്ച് കുഞ്ഞാഗസ്തി ചേട്ടന്റെ തിണ്ണയിലെ സ്റ്റൂളിൽ തളികവെച്ചു കൈകൊട്ടി പാടി, കുഞ്ഞാഗസ്തിചേട്ടനേം എൽസമ്മ ചേച്ചിയേയും വിളിച്ചുണർത്തി. കണ്ണ് തിരുമ്മിക്കൊണ്ടു എൽസമ്മ ചേച്ചിയുടെ അമ്മച്ചി ഒരു നിറ പുഞ്ചിരി ഞങ്ങളിലേക്ക് വലിച്ചെറിഞ്ഞ് കുരിശു വരച്ച് ഉണ്ണിയേശുവിനെ ഒന്ന് മുത്തി എന്നിട്ടു തളികയിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ജോസേ... എന്നതാടാ ഇത്... എന്നും ചോദിച്ച് ഒറ്റ നിലവിളി... നിലവിളി കേട്ട് മുറ്റത്തെ മെയ്മാസറാണി തപ്പി നടന്ന ഞങ്ങളെല്ലാം കൂടി ഓടി തിണ്ണേലെത്തിയപ്പോൾ ദാണ്ടെ...! തളിക ഒരു ഭീകര രൂപിയായി തിണ്ണയിലെ മരസ്റ്റൂളിലും അതിനു ചുറ്റും ആശ്ചര്യത്തിന്റെ കണ്ണുകളുമായി കാരോളുകാരും, മൂക്കത്ത് വിരലുവെച്ചു കൊണ്ട് അമ്മച്ചിയും നിൽക്കുന്നു. തളികയിലോട്ടു പാളി നോക്കിയ ഞാൻ അപ്പോഴാണ് ആ ദിവ്യാത്ഭുദം കണ്ടത്. അവിടൊണ്ടായിരുന്ന ഉണ്ണിയേശു എപ്പോഴോ അപ്രത്യക്ഷനായിരിക്കുന്നു. ആ സ്ഥാനത്ത് ദാണ്ടിരിക്കുന്നു ഒരു 'കുഞ്ഞൻ കാച്ചിക്ക'. ജോസ്‌ചേട്ടനും തോമാക്കുട്ടിയും മുഖത്തോടു മുഖം നോക്കി കണ്ണുമിഴിച്ചു. നല്ലൊരു ക്രിസ്തുമസ് ദിനമായിട്ട് കാച്ചിക്കയിൽ മുത്തിയതോർത്ത് അമ്മച്ചി തലയ്ക്കു കൈയും കൊടുത്ത് കുത്തിയിരുന്ന് ചിരിക്കാൻ തുടങ്ങി. ചിരി സഹിക്കാൻ പറ്റാതീരുന്ന ഞങ്ങൾ കുത്തുകല്ലിന് കീഴെയിരുന്നു തലയറഞ്ഞു ചിരിച്ചു. കാരോള്ക്കാരെല്ലാം കൂടി ടോർച്ചുമടുത്തു വാഴത്തോട്ടതിലോട്ട് വെപ്രാളപ്പെട്ടോടുന്നത് കണ്ട് ഞങ്ങൾക്ക് പിന്നേം ചിരി പൊട്ടി.... അന്നുമുതൽ ജോസ്‌ചേട്ടന് 'കാച്ചിക്ക ജോസ് ' എന്ന് പേര് വീണു....
അതിനുശേഷമെത്ര കരോൾ കഴിഞ്ഞു....! 
കാച്ചിക്കയിൽ മുത്തിയ അമ്മച്ചിയെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു... എങ്കിലും ഇന്നും ഓരോ ക്രിസ്തുമസ്സും ആ 'കാച്ചിക്ക യേശുവിന്റെ' സ്മരണ ദിനങ്ങളാണ്
ഞാന്‍ കരുണതേടി വന്നവന്‍
കണ്ണീരണിഞ്ഞവന്‍...
എനിക്ക് കവിതയിരമ്പുന്ന
ഒരു കടല്‍ശംഖ് തരൂ...
-------------------------------------
ഒരു വ്രണവും നക്ഷത്രവും
-----------------------------------
കാറ്റിന്റെ നിയമങ്ങളെ
കാറ്റിനു വിട്ടുകൊടുക്കുക
ഞാന്‍ പട്ടം പറപ്പിക്കുമ്പോള്‍
അവര്‍,
കാറ്റിനെ പറപ്പിച്ചു
പിന്നെ അവരെന്തിനു
സ്മരിക്കണം,
എല്ലാ ചെരിപ്പുകള്‍ക്കും
ലാടങ്ങള്‍ക്കും,
ചക്ക്രങ്ങള്‍ക്കും കീഴില്‍
പാതപോലെ കിടന്നിട്ടും
പെട്ടന്ന് കുത്തനെ നിന്നവര്‍
പിന്നില്‍ തങ്ങി പോയൊരു
പേടിത്തൊണ്ടനെ പറ്റി
എന്തിനു ചിന്തിക്കണം ഇല്ല,
എനിക്കും അവര്‍ക്കുമിടയില്‍ ഒന്നുമില്ല
ഒരു സംവാദം എന്നല്ല
ക്ഷുബ്ദമായ ഒരിടവേള പോലും ....
-മേതില്‍ -
-----------------------------------------------
പ്രിയപ്പെട്ട വിമർശകരെ...
MSF സമരം ചെയ്തു. ഞങ്ങളുടെ ആരമ്പപൂവും ആരാധ്യനുമായ നേതാവിനെ പോലീസ് ക്രൂരമായി അടിക്കാൻ നോക്കി പടച്ചോന്റെ കാരുണ്യം കൊണ്ട് അദ്ദേഹം അടികൊള്ളാതെ ഒഴിഞ്ഞുമാറി ഓടി.
അടി കൊണ്ടപ്പോൾ KSU നേതാക്കൻമാർ ഇതിലും വലിയ ഓട്ടം ഓടിയിട്ടുണ്ട്. ABVP ക്കാർ ഭാര്തമാതാ കീ ജയ് വിളിച്ച് പഞ്ചായത്തു മുഴുവൻ ഓടിയിട്ടുണ്ട്.പടച്ചോനെ വിശ്വാസമില്ലത്ത SFI ക്കാർ നിന്ന് അടികൊള്ളുന്നതു പോലെ ഞങ്ങളുടെ ആരമ്പപൂവും അടികൊള്ളണമെന്നാണോ? എന്നിട്ടാണ് റബ്ബിൽ ആലമീനായ തമ്പുരാന്റെ കൃപയുള്ള MSF നെ വിമർശിക്കാൻ പലരും ഒരുമ്പെടുന്നത്.... പടച്ചോൻ നിങ്ങക്ക് സത്ബുദ്ധിയേകട്ടെ... ആമീൻ !!
------------------------------------------------------------------
രാത്രി മുഴുവന്‍
ഞാന്‍ ഈ പുഴയെ
മൊഴിമാറ്റിക്കൊണ്ടിരുന്നു...
നേരം പുലര്‍ന്നപ്പോഴേക്കും
അതെല്ലാം ഒഴുകിപോവുകയും ചെയ്യ്തിരുന്നു..
ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് മുഖ്യമന്ത്രി സി കേശവന്‍ പറഞ്ഞത് ശബരിമല ക്ഷേത്രം കത്തിയ സന്ദര്ഭ്ത്തിലാണ് .കേരളത്തില്‍ എക്കാലത്തും ഓര്ക്കേതണ്ട ധീരമായ രാഷ്ട്രീയ പ്രസ്താവന ആണത് .അന്ന് പുനര്‍ നീര്മ്മിേച്ച ശബരിമല ക്ഷേത്രം അതിനെക്കാള്‍ വലിയ അസംബന്ധമായഅപമാനകരമായ ഒരു അന്ധ വിശ്വാസമാണ് കേരള സമൂഹത്തില്‍ അടിചെല്പ്പി്ച്ചി രിക്കുന്നത് .
ശാസ്ത പൂജ ദക്ഷിണേന്ത്യന്‍ പ്രാചീന ചരിത്രത്തിന്റെ ഭാഗമാണ് .ശബരിമലയില്‍ ഈ മൂര്ത്തി അയ്യപ്പന്‍ എന്നും ധര്മ്മ ശാസതഎന്നും അറിയപ്പെടുന്നു .ഒരു പ്രാചീന ക്ഷേത്രമാണ് ശബരിമല പന്തളം രാജവംശത്തിലെ അയ്യപ്പന്റെ് അവതാരം എന്ന് കരുതപ്പെടുന്ന ഒരു രാജകുമാരന്‍ ശബരിമല ക്ഷേത്രത്തില്‍ തപസിരുന്നു അയ്യപ്പനുമായി എകീഭവിച്ചു .അദ്ദേഹം തപസിരുന്ന സ്ഥലം മണി മണ്ഡപം എന്നറിയപ്പെടുന്നു .
തെക്കേ ഇന്ത്യയിലും ലോകത്ത് പലയിടത്തും ശാസ്ത ക്ഷേത്രങ്ങള്‍ ഉണ്ട്
1 ബാലക രൂപത്തില്‍ ഉള്ള കുളത്തുപുഴ അയ്യപ്പ ക്ഷേത്രം
2. യുവവിന്റെരൂപത്തില്‍ ഉള്ള ആര്യങ്കാവ്
3. ഗൃഹസ്ഥാ ശ്രമിയായി പൂര്ണ്ണ് ,പുഷ്കല എന്ന രണ്ടു ഭാര്യമാരുമായി കാണുന്ന അച്ചന്കോവില്‍
4. വാനപ്രസ്ഥ രൂപത്തിലുള്ള ശബരിമല
5. യോഗി രൂപത്തില്കാണുന്ന മകരവിളക്ക്‌ തെളിയിക്കുന്ന പൊന്നമ്പലമേട് –
ഇവയാണ് പരശു രാമന്‍ സ്ഥാപിച്ച അഞ്ചു ശാസ്ത ക്ഷേത്രങ്ങള്‍.അതില്‍
ഒന്നാണ് ശബരിമല എന്നാണ് ക്ഷേത്ര ചരിത്രംപറയുന്നത് .
സ്ഥാപിച്ചതിനു ശേഷം മൂന്നു നൂറ്റാണ്ടോളം അത് വനത്തില്‍ അപ്രാപ്യ മായിരുന്നു.ക്രി .പന്ത്രണ്ടാം നൂറ്റാണ്ടില്‍ പന്തളം രാജവംശത്തിലെ മണികണഡ ന്‍ എന്ന യുവരാജന്‍ ക്ഷേത്രത്തിലേക്കുള്ള വഴി കണ്ടു പിടിച്ചു കൂടെ അനുയായികളും വാവര്‍ എന്ന താന്‍ തോല്പിച്ച മുസ്ലിം പോരാളിയും കൂട്ടരും ഉണ്ടായിരുന്നു ഈ യുവരാജാവ് കൊട്ടാരത്തിലേക്ക് പുലികളെ കൊണ്ട് വന്നു അതിനു ശേഷം വനത്തില്‍ അപ്രത്യക്ഷനായി പിന്നീട് അമ്പലം പുനരുദ്ധരിച്ചു
ആറാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്ശി ച്ച ഹ്യുയന്സാന്ഗ് എന്ന ചൈനീസ് സഞ്ചാരി "പോടലക" കൊടുമുടിയുടെ അടുത്തു "അവലോകിതേശ്വര "(ബോധിസത്വ )ക്ഷേത്രത്തെ പരാമര്ശിക്കുന്നുണ്ട് അവലോകിതേശ്വരഎന്നത് ഹരി –ഹര (വിഷ്ണു –ശിവ )ആണ് പോലും അതിനാല്‍ ശബരിമല അവലോകിതേശ്വരക്ഷേത്രമായിരുന്നു .
ബുദ്ധ രീതിയില്സംസ്കൃത നിഘണ്ടു ആയ അമരകോശത്തില്‍ ഗൌതമ ബുദ്ധന്റെ പതിനെട്ടു പേരുകളില്‍ ഒന്നാണ് ശാസ്ത അല്ലെങ്കില്‍ ധര്മ ശാസ്ത .അയ്യപ്പ വിഗ്രഹത്തിന്റെ കൈ മുദ്രക്കും യോഗാസന സ്ഥിതിക്കും ബുദ്ധന്റെ" വിഡാര്ക്ക" മുദ്രയോടും പത്മാസനത്തോടും ബന്ധം കാണുന്നു .അവിടത്തെ ശരണ മന്ത്രങ്ങള്മറ്റൊരു ഹിന്ദു ദേവാലയങ്ങളിലും ഉപയോഗിക്കാറില്ല എന്നാല്‍ ബുദ്ധ ശിഷ്യ ന്മാരുടെ ശരണ ത്രയത്തിന്റെ പര്യായമാണ് താനും .(പക്ഷെ ഈ തിയറിക്ക് ആര്ക്കിരയോളജി –ജിയോഗ്രാഫി –ചരിത്രം എന്നിവയുടെ ശാസ്ത്രീയ പിന്തുണ ഇല്ല )
In 1821 AD, യില്‍ പന്തളം രാജ്യവും അതിലെ ശബരിമല ഉള്പ്പടെ. 48 മേജര്‍ ക്ഷേത്രങ്ങളും തിരുവിതാം കൂറില്‍ ലയിച്ചു, 1910 –ല്‍ ശബരിമലയിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു 1950,-ല്‍ റാഡിക്കല്‍ ക്രിസ്ത്യന്‍ തീവ്ര വാദി കള്‍ ആണെന്ന് സംശയിക്കുന്നവര്‍ ശബരിമല ക്ഷേത്രം പൂര്ണ്ണ മായും തീവച്ചു നശിപ്പിച്ചു .ക്ഷേത്രം പുനര്‍ നിര്മ്മി ച്ചു , അത് വരെ ഉണ്ടായിരുന്ന ശിലാവിഗ്രഹം മാറ്റി ഒന്നര അടി ഉയരമുള്ള പഞ്ച ലോഹ വിഗ്രഹം പ്രതിഷ്ടിച്ചത് അതോടെ ആണ്
വനാന്തര്ഭാഗത്തുള്ള ക്ഷേത്ര സന്ദര്ശനം കഷ്ടപ്പാട് നിറഞ്ഞതും ഏകാഗ്രതയും സഹന ശക്തിയും വേണ്ടതും ദൃഡ നിശ്ചയം ഉള്ളവര്ക്കും മാത്രം കഴിയുന്നതുമായിരുന്നു
മണ്ഡല കാലം (നാല്പത്തി ഒന്ന് ദിവസം )വ്രതമെടുത്തു മദ്യമാംസങ്ങള്‍ വര്ജിച്ചു ബ്രഹ്മചര്യം സ്വീകരിച്ചു ഒക്കെയാണ് മകരവിളക്കിനു മാത്രം തുറക്കുന്ന ക്ഷേത്രത്തില്‍ ദര്ശനം നടത്തിയിരുന്നത് .
യാത്ര ദുഷ്കരമായത് കൊണ്ടാണ് സ്ത്രീകള്‍ ധാരാളമായി അവിടെ പോകാ തിരുന്നത് പിന്നീടാണ്‌ എല്ലാ മാസാദ്യവുംഅഞ്ചു ദിവസംവും,വിഷുവിനും ഒക്കെ ക്ഷേത്രം തുറക്കാന്‍ തുടങ്ങിയത്
1991നു മുന്പ് വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും മാസാദ്യങ്ങളില്‍ തങ്ങളുടെ കുട്ടികള്ക്ക് ചോറ് കൊടുക്കാനും മറ്റുമായി ശബരിമല ക്ഷേത്രത്തില്‍ ധാരാളമായി പോയി തുടങ്ങി
,മേയ് 13, 1940, നു തിരുവിതാംകൂര്‍ മഹാറാണിപോലും ശബരിമലയില്‍ ചെന്നിരുന്നു
1991-ല്‍ , ജ.കെ പരിപൂര്ണ്ണാന്‍ ,ജ .കെ ബാലനാരായണ മാരാര്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡി നെതിരായ കേസിലാണ് 10 നും 50 നും ഇടയ്ക്കുള്ള സ്ത്രീകള്‍ ഒരു സീസണിലും സന്നിധാനത്ത് കടക്കുന്നതും പൂജ ചെയ്യുന്നതും വിലക്കി റൂളിംഗ് നല്കിയത് അനാദികാലം മുതലേ ഉള്ള ആചാരം അനുസരിച്ചാണ് പോലും ഈ റൂളിംഗ് .മത്രമല്ല സ്ത്രീ നിരോധറൂളിംഗ് പോലീസ് ഫോഴ്സ് ഉപയോഗിച്ച് നടപ്പാക്കുന്നതിന് കേരള സര്ക്കാ രിനു ഈ ജഡ്ജിമാര്‍ നിര്ദ്ദേ ശവും നല്കി .അതുമുതലാണ് ശബരിമല ഒരു പെണ്ണുകേറാമല ആയത് .അന്നത്തെ കേരള സര്ക്കാ ര്‍ ഈ റൂളിംഗ് ഫലപ്രദമായി ചോദ്യം ചെയ്തുമില്ല
അയ്യപ്പന് സ്ത്രീകളെ ഇഷ്ടമല്ല ,നൈതിക ബ്രഹ്മചാരിയാണ് ,സ്ത്രീകള്ക്ക് ആര്ത്തവമുള്ളതിനാല്‍ നാല്‍പ്പത്തൊന്നു ദിവസം ശുദ്ധമായി ഇരിക്കാന്‍ കഴിയില്ല ,വ്രതമിരിക്കുന്ന അയ്യപ്പന്മാരുടെ കണ്ട്രോള്‍ പോകും തുടങ്ങി നിരവധി ന്യായീകരണങ്ങള്‍ ഓരോരുത്തരുംസ്വയം കണ്ടെത്താനും പ്രചരിപ്പിക്കാനും തുടങ്ങി .ആര്‍ത്തവ വാദികള്‍ അതില്ലാത്ത ഗര്ഭിണികള്‍ ശബരിമലയില്‍ പോകാമോ എന്ന് ചോദിച്ചാല്‍ മിണ്ടുകയുമില്ല .ദേവപ്രശനം ,തന്ത്രിയുടെ അഭിപ്രായം തുടങ്ങി നിരവധി അസംബന്ധ നടപടികളാണ് ഈ ജുഡിഷ്യല്‍ അതിക്രമത്തിന്റെ ഫലമായി ഉണ്ടായ വിഷയത്തില്‍ സ്വീകരിച്ചു കണ്ടത് !
കട|Devanand Narayanapillai|
ഏതെങ്കിലും പ്രദേശത്ത് ഒരു ട്യുഷന്‍ സെന്റർ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ ,
അവിടെ ശമ്പളം വാങ്ങുന്ന ഒരു അദ്ധ്യാപകന്‍ ശരിയാംവിധം തന്‍റെ ജോലി നിർവഹിക്കുന്നില്ല എന്നാണ് അര്‍ത്ഥം ....

പണ്ട്... മലയോടും മലമ്പാമ്പിനോടും മല്ലടിച്ചു മണ്ണിൽ പൊന്നുവിളയിച്ചിരുന്ന മിക്ക കത്തോലിക്കാ കുടിലുകളുടെയും മരക്കട്ടിളയ്ക്കു മുകളിലെ തകരക്കഷ്ണത്തിൽ മനോഹരമായി എഴുതിവെച്ചിരുന്ന ഒരു വചനമുണ്ടായിരുന്നു...
"ധനവാൻ സ്വർഗ്ഗത്തിൽ എത്തുക എന്നത് ഒട്ടകം സൂചികുഴളിലൂടെ കടക്കുന്നതിനെക്കാൾ ദുഷ്ക്കരമാണ്"
( മത്തായിയുടെ സുവി: അദ്ധ്യായം 19:24)
ഇന്ന് മലയോരത്തിന്റെ മലമടക്കുകൾ മണ്ടി മണ്ടി പരിശോധിച്ചാലും മത്തായിയെ മരുന്നിനുപോലും കിട്ടില്ല എന്നതാണ് സത്യം... ആ തകരകാർഡിന് പകരം 'കർത്താവായ യേശു ഈ വീടിന്റെ ഐശ്വര്യം ' എന്ന് ബൈബിളിൽ എങ്ങുമില്ലാത്ത ഒരു മഹത് വചനം വർണ്ണശബളമായ നിറങ്ങളിൽ കട്ടിളകൾ തോറും കയ്യേറി കഴിഞ്ഞു...
ആ മാറ്റമാണ് സഭക്കും സമൂഹത്തിനും ഇപ്പോഴുണ്ടായിരിക്കുന്നത്.
പള്ളിമണിയേൽ മൂന്നു നേരം തൂങ്ങുന്ന കപ്പിയാരുടെ മോന് പള്ളിവക എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷനു ചെന്നപ്പോൾ കാശുവെച്ചാലെ സീറ്റൊക്കെത്തുള്ളൂ തോമാ... ഇടവകേടെ കത്തുമാത്രം പോരാ എന്ന കുത്തുവാക്ക് സരസമായി പറഞ്ഞൊഴിയുന്ന മാനേജരച്ചന്മാർ വാഴുന്ന ഭൂമിയിൽ....
'കാശൊള്ളവൻ കത്തോലിക്കാ...
ഇല്ലാത്തവൻ തൊലിക്ക' -എന്ന ഔസേപ്പിയുടെ മഹത് വചനം തന്നയാണ് ബെസ്റ്റ്... 😊😊

അതെയതെ...
അങ്ങനെയെല്ലാമാണല്ലോ 
മഴയുള്ളപ്പോൾ നീയൊരു കുടയാകുന്നു
കുളിരുള്ളപ്പോൾ കാട്.
തീയുള്ളപ്പോൾ പുകയെന്ന ഉപമ,
പോയി പുല്ലുതിന്നു വരും മുൻപ്...
ഓരോ പുലരിക്കും ഒരു പൂക്കാലം
മഞ്ഞുള്ളപ്പോൾ മരം...
ഒറ്റ ശ്വാസത്തിൽ കൂട്ടം
തെറ്റിപൊയ ഉപമകളാണിവ..
അവ പോയി പുല്ലുതിന്നു വരും മുൻപ്...


----------------------------------------------------------

ഞങ്ങളുടെ കുട്ടിക്കാലത്തു നിങ്ങളീ പറയുന്ന അഡാറു പൂക്കളൊന്നും ഞങ്ങൾ കണ്ടിട്ടേയില്ല . നാല് നുള്ളു കാക്കപ്പൂവ്, തപ്പി പെറുക്കിയാൽ ഒരു കൈ തുമ്പപ്പൂവ്. പേരറിയാത്ത പലതരം ഇലകൾ.. കോളാമ്പിപ്പൂവ്. അവശ്യത്തിലധികം പൂച്ചവാൽ പൂവ്. പിന്നെ കളം നിറയ്ക്കുന്നത് ഈ ചോന്ന പൂവാണ്.. ഹനുമാൻ ജമന്തിയെന്നും ഹനുമാൻ കിരീടമെന്നുമെല്ലാം വിളിക്കും... അല്ലെങ്കിൽ തന്നെ പൂവുകൾക്കെന്തിന് പേരുകൾ... അല്ലേ! പൂവുകളെന്നല്ലാതെ 🌼🌻🌼🌻

-------------
പ്രിയപ്പെട്ടവളേ...
ജലമെന്നൊന്നില്ല.
ജലാശയമെന്ന പേരിൽ തന്നെയുണ്ട്,
ജലമെന്നതൊരാശയം മാത്രമെന്ന്.
നിങ്ങളാരോപിക്കപ്പെട്ട അർഥം, 
തുളുമ്പുന്ന വെറുമൊരു വാക്കെന്ന്.
ഇപ്പോഴും നിറഞ്ഞൊഴുകുന്ന
കണ്ണുനീർ എന്നൊന്നില്ല
ഞാനെന്നും നീയെന്നും തന്നെയില്ല...







------------------